Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

തിരുശേഷിപ്പുകള്‍: ചരിത്രവും ചൂഷകരും

മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത്‌
നബി(സ)യെ അളവറ്റു സ്‌നേഹിച്ചിരുന്ന അവിടുത്തെ അനുചരന്മാര്‍, നബിയുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെട്ട സകല വസ്‌തുക്കളെയും ആദരിക്കല്‍ നബിയോടുള്ള സ്‌നേഹത്തിന്റെ ഭാഗമാണ്‌. അതുല്യ സ്‌നേഹത്തിന്റെ വേരുകള്‍ എത്രമാത്രം വ്യാപ്‌തിയില്‍ പരന്ന്‌ വികസിച്ചു ചെന്നെത്തിയിട്ടുണ്ടെന്ന്‌ കണക്കാക്കാന്‍ സാധ്യമല്ല. നബി(സ)യുമായുള്ള ഒരു ചെറിയ ബന്ധംപോലും ആ സ്‌നേഹ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ പര്യാപ്‌തമായതായിരുന്നു. റസൂല്‍(സ) അന്ത്യവിശ്രമം കൊളളുന്ന മദീന, നബി(സ)യുടെ കുടുംബക്കാര്‍, തിരുമേനിയുടെ ഖബറിടം, പള്ളി, മിമ്പര്‍, ശരീരസ്‌പര്‍ശനമേറ്റ ജലം, വസ്‌ത്രം, സ്‌പര്‍ശിച്ച കരങ്ങള്‍, ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായ കണ്ണുകള്‍, തിരുശരീരത്തിലെ രോമങ്ങള്‍, വിയര്‍പ്പ്‌ കണങ്ങള്‍, രക്തം, മോതിരം, തലപ്പാവ്‌, മുണ്ട്‌, മേല്‍തട്ടം, വടി, വിരിപ്പ്‌, ജുബ്ബ, വായ സ്‌പര്‍ശിച്ച പാനപാത്രങ്ങള്‍ ഇങ്ങനെ പോകുന്നു ആ വിശുദ്ധ സ്‌നേഹത്തിന്റെ അതിരില്ലാ പ്രചോദനങ്ങള്‍. 

ഇവയിലേതെങ്കിലുമൊരു തിരുശേഷിപ്പ്‌ സ്വന്തമാക്കാന്‍ സര്‍വതം ത്യജിക്കാന്‍ അവര്‍ തയാറായിരുന്നു. ഒരു തിരുരോമം കൈവശമുണ്ടാകുന്നത്‌ മഹാഭാഗ്യമായി വിശ്വസിച്ചിരുന്നതായി പ്രാമാണിക ഹദീസുഗ്രന്ഥങ്ങളില്‍ കാണാം. മുഹമ്മദ്‌ബ്‌നുസീരീന്‍ അബീദയോട്‌ പറഞ്ഞു: നബി(സ)യുടെ മുടിയില്‍ ചിലത്‌ ഞങ്ങളുടെ പക്കലുണ്ട്‌. ഞങ്ങള്‍ക്കത്‌ അനസ്‌(റ) വഴി ലഭിച്ചതാണ്‌. അപ്പോള്‍ അബീദ പറഞ്ഞു: അതില്‍ ഒരു മുടിയെങ്കിലും എന്റെ കൈവശമുണ്ടാകുന്നത്‌ ഈലോകവും അതിലുള്ള സര്‍വ വസ്‌തുക്കളും ലഭിക്കുന്നതിനേക്കാള്‍ ഇഷ്‌ടപ്പെട്ട കാര്യമാണ്‌(സ്വഹീഹുല്‍ ബുഖാരി). അബീദത്തുബ്‌നു ഉമറ്‌ അസ്സല്‍മാനി നബി(സ)യുടെ വിയോഗത്തിനുമുമ്പ്‌ തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്ന, നബി(സ)യെ കാണാന്‍ ഭാഗ്യം ലഭിക്കാത്ത മഹാനായ ത്വാബീഇ ആയിരുന്നു. തിരുകേശം ലഭിച്ചത്‌ നബി(സ)യുടെ ഖാദിമായ അനസ്‌ബ്‌നു മാലിക്‌(റ) വഴിയാണെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കുയണ്ടല്ലോ. മുഹമ്മദ്‌(റ)ന്റെ പിതാവ്‌, സീരീന്‍, അനസ്‌(റ) മോചിപ്പിച്ച അടിമയായിരുന്നു. അനസ്‌(റ) അബൂത്വല്‍അത്തുല്‍ അന്‍സാരിയുടെ വളര്‍ത്തു പുത്രനനും ഹജ്ജത്തുല്‍ വദാഇല്‍ റസൂല്‍(സ) തലമുണ്ഡനം ചെയ്‌തപ്പോള്‍ സ്വഹാബാക്കള്‍ക്കിടയില്‍ വിതരണം ചെയ്യുവാനായി നബി(സ)യുടെ തിരുകേശങ്ങള്‍ കൊടുത്തത്‌ അബൂത്വല്‍ഹത്തുല്‍ അന്‍സാരിയുടെ കൈയിലായിരുന്നു. ഇതനുസരിച്ചു ഈ തിരുകേശത്തിന്റെ പ്രമാണരേഖ(സനദ്‌) ഇങ്ങനെ വിവരിക്കാം:


റസൂല്‍(സ)യില്‍ നിന്ന്‌ അബൂത്വല്‍ഹത്തല്‍ അന്‍സാരി(റ)ക്കും അവരില്‍ നിന്ന്‌ അദ്ദേഹത്തിന്റെ വളര്‍ത്തു പുത്രന്‍ അനസ്‌(റ)വിനും അവരില്‍ നിന്ന്‌ അദ്ദേഹത്തിതന്റെ മൗല സീരീനും അവരില്‍ നിന്ന്‌ അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ്‌ബ്‌നു സീരീനും ലഭിക്കുകയുണ്ടായി.


മേല്‍ ഉദ്ധരണിയല്‍ നിന്ന്‌ ഗ്രഹിച്ചെടുക്കേണ്ട പാഠങ്ങള്‍: 1. റസൂല്‍(സ)യുടെ തിരുകേശം കൈവശപ്പെടുത്താനായി കോടികള്‍ ചെലവുചെയ്‌താലും അത്‌ ധൂര്‍ത്തല്ല. 2. നബി(സ)യോട്‌ ഒരു മുഅ്‌മിനായ മനുഷ്യന്‌ ഉണ്ടായിരിക്കേണ്ട സ്‌നേഹാദരവുകളുടെ ആഴം സൂചിപ്പിക്കുകയാണ്‌ മഹാനായ അബീദ(റ). 3. റസൂല്‍(സ)യുടെ വിയോഗത്തിന്‌ ശേഷം 50 വര്‍ഷം മാത്രം പിന്നിട്ടപ്പോള്‍ തന്നെ നബി(സ)യുടെ തിരുകേശങ്ങളില്‍ നിന്ന്‌ ഒരു മുടി ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നു. അപൂര്‍വമായി ചിലര്‍ സൂക്ഷിച്ചുവരുന്നതും ലഭിക്കാന്‍ പ്രയാസമേറിയുതമായിരുന്നു. 14 നൂറ്റാണ്ടുകള്‍ക്ക്‌ പിന്നില്‍ ജീവിക്കുന്ന നമ്മടുടെ കാലഘട്ടത്തില്‍ അത്‌ ലഭ്യമാകുന്നത്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്‌.


അതുല്യസ്‌നേഹാദരവുകള്‍
സഹാബ(റ), നബി(സ)യോടുകാണിച്ചിരുന്ന ബഹുമാനാദരവുകള്‍ ശത്രുക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു. ഹുദൈബിയ്യാ ദിനത്തില്‍ ഖുറൈശീ നേതാവായ ഉര്‍വത്തുബ്‌നു മസ്‌ഊദിനെ അത്യധികം അമ്പരപ്പിക്കുകയും വിസ്‌മയിപ്പിക്കുകയും ചെയ്‌ത അനിതരസാധാരണമായ സ്‌നേഹാദരവുകളുടെ ദൃശ്യം അദ്ദേഹം തന്റെ കൂട്ടുകാരായ ഖുറൈശീ നേതാക്കള്‍ക്ക്‌ വിവരിച്ചുകൊടുക്കുന്നുണ്ട്‌.

ഉര്‍വത്തുബ്‌നു മസ്‌ഊദ്‌ പറയുന്നു: എന്റെ ജനങ്ങളേ, അല്ലാഹുവാണ്‌ സത്യം. പല രാജാക്കളുടെ സന്നിധിയുലും ഞാന്‍ പോയിട്ടുണ്ട്‌. റോമന്‍ ചക്രവര്‍ത്തി സീസറിന്റെയും പേര്‍ഷ്യന്‍ രാജാവായ കൈസറിന്റെയും അബ്‌സീനീയാ രാജാവായ നജാശിയുടെയും സന്നിധാനത്തില്‍ ഞാന്‍ ചെന്നിട്ടുണ്ട്‌. എന്നാല്‍ മുഹമ്മദിന്റെ അനുചരന്മാര്‍ മുഹമ്മദിനെ ബഹുമാനിക്കുന്നത്‌ പോലെ ഒരു രാജാവിനെയും അദ്ദേഹത്തിന്റെ അനുയായികള്‍ ബഹമാനിക്കുന്നത്‌ ഞാന്‍ കണ്ടിട്ടേയില്ല.


അല്ലാഹുവില്‍ സത്യം. മുഹമ്മദ്‌ ഒന്നു കാര്‍ക്കിച്ചുതുപ്പിയാല്‍ അത്‌ അവരില്‍ ആരുടെയെങ്കിലും കൈയിലാണ്‌ വീഴുക. അതെടുത്തുകൊണ്ടയാള്‍ അയാളുടെ മുഖത്തും ശരീരത്തിലും തേക്കുന്നു. അദ്ദേഹം വല്ലകാര്യവും കല്‍പിക്കേണ്ട താമസം, അനുയായികള്‍ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ടുവരുന്നു. അദ്ദേഹം വുളൂ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നുവീഴുന്ന വെള്ളം ലഭിക്കാന്‍ തമ്മില്‍ തമ്മില്‍ ശണ്‌ഠകൂടുന്നു. അദ്ദേഹം സംസാരിക്കുമ്പോള്‍ എല്ലാവരും ശബ്‌ദം താഴ്‌ത്തി അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുന്നു. ബഹുമാനാദരവുകള്‍ കാരണം അദ്ദേഹത്തിലേക്ക്‌ ഒന്നു കണ്ണുതുറന്നു നോക്കുക പോലുമില്ല(സ്വഹീഹുല്‍ ബുഖാരി).


നബി(സ)യുടെ വടി
സുബൈര്‍(റ) വിവരിക്കുന്നതായി ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ബദ്‌റ്‌ യുദ്ധത്തില്‍ അബൂദാത്തില്‍കരിശ്‌ എന്ന പേരിലറിയപ്പെടുന്ന ഉബൈദത്തുബ്‌നു സഈദ്‌ പോര്‍ വിളിയുമായി മുന്നോട്ടുവന്നു. ആയുധവിഭൂഷിതനായിവന്ന ഉബൈദത്തിന്റെ കണ്ണുകളല്ലാതെ മറ്റുഭാഗങ്ങളൊന്നും പുറത്തു കാണപ്പെട്ടിരുന്നില്ല. എന്റെ കൈയിലുള്ള ഒരു ചെറുകുന്തം കൊണ്ട്‌ ഞാന്‍ അവന്റെ കണ്ണില്‍ കുത്തിത്താഴ്‌ത്തി. അങ്ങനെ അവന്‍ മരിച്ചുവീണു. വളരെ സാഹസപ്പെട്ടു ശരീരത്തില്‍ ചവിട്ടി ആ കുന്തം ഞാന്‍ ഊരിവലിച്ചെടുത്തപ്പോള്‍ അതിന്റെ വായ്‌ത്തലയുടെ രണ്ടുവശങ്ങളും മടങ്ങിപ്പോയിരുന്നു. പ്രസ്‌തുത കുന്തം നബി(സ) എന്നോട്‌ ചോദിച്ചു വാങ്ങി. നബി(സ)യുടെ വിയോഗാനന്തരം സുബൈര്‍(റ) തന്നെ അത്‌ തിരിച്ചു വാങ്ങി. അബൂബക്‌ര്‍(റ), ഉമര്‍(റ), ഉസ്‌മാന്‍(റ) എന്നിവര്‍ കൈവശം വെച്ചു. ശേഷം അലി(റ)യുടെ കുടുംബത്തിലും അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ) കൊല്ലപ്പെടുന്നത്‌ വരെ അദ്ദേഹത്തിന്റെ കൈവശത്തലും ഈ വടിയുണ്ടാരുന്നു(സ്വഹീഹീഹുല്‍ ബുഖാരി).

നബി(സ)യുടെ തിരുകേശം
ഉമ്മുസലമ(റ)യുടെ അടുക്കല്‍ നബി(സ)യുടെ തിരുമുടികള്‍ സൂക്ഷിച്ചുവെച്ചിരുന്ന ഒരു ഡപ്പിയുണ്ടായിരുന്നു. ജനങ്ങള്‍ ആ തിരുകേശം കൊണ്ടു ബറകത്തെടുത്തുവരികയും അതു മുക്കിയ വെള്ളം കുടിക്കുകയും തല്‍ഫലമായി അവരുടെ രോഗങ്ങള്‍ സുഖപ്പെട്ടിരുന്നു. കണ്ണേറ്‌ മുതലായ രോഗങ്ങള്‍ ബാധിച്ചാല്‍ ഉമ്മുസലമ(റ)യുടെ വീട്ടിലേക്ക്‌ ഒരു വലിയ അലക്ക്‌പാത്രം കൊടുത്തയക്കുകയും അതില്‍ വെള്ളം നിറച്ചശേഷം തിരുമുടി അതില്‍ മുക്കുകയും രോഗിയെ പ്രസ്‌തുത വെള്ളത്തില്‍ ഇരുത്തുകയും അതുവഴി അവര്‍ക്ക്‌ രോഗശമനമുണ്ടാകുകയും ചെയ്‌തിരുന്നതായി ഇമാം ബുഖാരിയുടെ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം.

നബി(സ)യുടെ വിയര്‍പ്പ്‌
ഉമ്മുസുലൈം(റ)ന്റെ വിരിപ്പില്‍ നബി(സ)ഉച്ചയുറക്കം നടത്താറുണ്ടായിരുന്നു. നബി(സ) ഉറങ്ങുമ്പോള്‍ ഉമ്മുസുലൈം(റ) ആ ദേഹത്തില്‍ നിന്ന്‌ ഒലിച്ചുവീണ വിയര്‍പ്പുകണങ്ങളും നബി(സ)യുടെ തിരുമുടികളും ഒരു കുപ്പിയില്‍ ശേഖരിച്ച ശേഷം അവരുടെ സുഗന്ധദ്രവ്യത്തില്‍ അത്‌ ചേര്‍ത്തു ബറകത്തെടുക്കാറുണ്ടായിരുന്നു. അനസ്‌(റ)ന്‌ മരണം ആസന്നമായപ്പോള്‍ പ്രസ്‌തുത സുഗന്ധം അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ പുരട്ടാനുപയോഗിക്കുന്ന സുഗന്ധത്തില്‍ ചേര്‍ക്കാന്‍ വസ്വിയ്യത്ത്‌ ചെയ്യുകയും മരണാനന്തരം അതനുസരിച്ചു ചെയ്യുകയും ചെയ്‌തു(സ്വഹീഹുല്‍ ബുഖാരി).

ചൂഷണങ്ങളും തട്ടിപ്പുകളും
മുഅ്‌മിനിന്റെ തീക്ഷ്‌ണ വൈകാരികത ചൂഷണം ചെയ്യാന്‍ നൂറുനൂറു നുണക്കഥകള്‍ കെട്ടിച്ചമച്ച്‌ വ്യാജവസ്‌തുക്കള്‍ നബി(സ)യുടെ തിരുശേഷിപ്പുകളാണെന്ന്‌ വാദിച്ച്‌ മുസ്‌ലിം സാധാരാണക്കാരെയും ശുദ്ധഗതിക്കാരായ മഹാപാവങ്ങളെയും വഞ്ചിച്ചു കീശ വീര്‍പ്പിക്കുവാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ലോകത്തിന്റെ പലയിടങ്ങളിലും കണ്ടുവരാറുണ്ട്‌. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇത്തരം വ്യാജ തിരുശേഷിപ്പുകള്‍ക്ക്‌ കയ്യും കണക്കുമില്ല.

നബി(സ)യുടെ തിരുവചനങ്ങളാണെന്നു നുണ പറഞ്ഞു വ്യാജഹദീസുകള്‍ കെട്ടിച്ചമക്കുന്നത്‌ സുകൃതമാണെന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌, ഇത്തരം നീചവും ഹീനവുമായ മാര്‍ഗം സ്വീകരിക്കുവാന്‍ ഒരുമടിയുമുണ്ടാവില്ലല്ലോ.


ഇമാം ബൈളാവി(റ)യുടെ വാക്കുകള്‍ ശ്രദ്ധിക്കുക: നബി(സ)യിലേക്ക്‌ ചേര്‍ക്കപ്പെടുന്നത്‌ മുഴുവനും സത്യമോ, അവ പ്രമാണയോഗ്യമാക്കല്‍ അനുവദനീയമോ അല്ല. കാരണം ശുഅ്‌ബ(റ), അഹ്‌മദ്‌(റ), ബുഖാരി(റ), മുസ്‌ലിം(റ) മുതലായവരില്‍ നിന്ന്‌ നിവേദനം ചെയ്യപ്പെടുന്നു: ``ഹദീസുകളില്‍ പകുതിയും വ്യാജമാണ്‌''.(റസൂല്‍(സ) പ്രസ്‌താവിച്ചിട്ടുമുണ്ടല്ലോ എന്റെ മേല്‍ കള്ളം പറയപ്പെടുമെന്ന്‌).


ഇബ്‌നു അബ്ബാസ്‌(റ) പറയുന്നതായി മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: ആരെങ്കിലും ഒരാള്‍ `കാല റസൂല്‍(സ)' എന്ന്‌ പറയുന്നത്‌ കേള്‍ക്കുമ്പോഴേക്ക്‌ ഞങ്ങളുടെ ദൃഷ്‌ടികള്‍ അദ്ദേഹത്തിലേക്ക്‌ തിരിക്കുകയും കാതുകള്‍കൊണ്ട്‌ സശ്രദ്ധം കേള്‍ക്കുകയും ചെയ്‌തിരുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. (നബി(സ)യുടെ മേല്‍ കള്ളംപറയാന്‍ ധൈര്യപ്പെടാത്ത ഒരു കാലമായിരുന്നു അത്‌). എന്നാല്‍ ആളുകള്‍ എല്ലാ വഴങ്ങാത്തതിന്റെയും വഴങ്ങുന്നതിന്റെയും പുറത്തുകയറി സവാരി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ (നബി(സ)യുടെ മേല്‍ ഇല്ലാത്തതും ഉള്ളതും സൂക്ഷ്‌മത പാലിക്കാതെ പറയാന്‍ തുടങ്ങിയപ്പോള്‍) അറിയുന്നത്‌ മാത്രമല്ലാതെ ആളുകളില്‍ നിന്ന്‌ ഞങ്ങള്‍ സ്വീകരിക്കാതെ വന്നു.


പില്‍ക്കാലത്ത്‌ വ്യത്യസ്‌ത ചിന്താഗതിയുള്ള വ്യത്യസ്‌ത പാര്‍ട്ടികള്‍ രൂപം കൊള്ളുകയും ഓരോ പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടി വളര്‍ത്തുവാനും മറ്റുപാര്‍ട്ടിക്കാരെ തകര്‍ക്കുവാനും വേണ്ടി നബി(സ)യുടെ മേല്‍ വ്യാജഹദീസുകള്‍ കെട്ടിച്ചമക്കാന്‍ ആരംഭിച്ചു. ശീഅഃ വിഭാഗം അലി(റ)യുടെ പുണ്യങ്ങളും മഹത്വങ്ങളും വിവരിക്കുന്ന മൂന്നുലക്ഷത്തോളം ഹദീസുകള്‍ വ്യാജമായി നിര്‍മിച്ചിട്ടുണ്ടെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഹദീസുകളില്‍ മായം കലരാതെ സംരക്ഷിക്കുവാനായി മഹാന്മാരായ ഹദീസ്‌ പണ്ഡിതന്മാര്‍ തങ്ങളുടെ ജീവിതം മുഴുവനും ഉഴിഞ്ഞുവെച്ചു കഠിനശ്രമങ്ങള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നബി(സ)യുടെ തിരുസുന്നത്തിന്റെ പ്രാമാണികത തന്നെ നഷ്‌ടപ്പെടുമായിരുന്നു.


വ്യാജ തിരുശേഷിപ്പുകള്‍ക്കെതിരെ ഉമര്‍(റ)
സംശയാസ്‌പദവും അടിസ്ഥാന രഹിതവുമായ തിരുശേഷിപ്പുകള്‍ക്കെതിരെ ഇസ്‌ലാമില്‍ ആദ്യമായി സമരം പ്രഖ്യാപിച്ചത്‌ രണ്ടാം ഖലീഫ ഉമര്‍(റ) ആയിരുന്നു. ഹുദൈബിയ്യ ചരിത്രത്തില്‍ ഒരു മഹല്‍ സംഭവമാണ്‌ നബി(സ)യുമായി നടത്തിയ പ്രതിജ്ഞ(ബൈഅത്ത്‌). ഈ പ്രതിജ്ഞ ബൈഅത്തു റിള്‌വാന്‍ എന്നപേരിലാണ്‌ ഇസ്‌ലാമിക ചരിത്രത്തിലറിയപ്പെടുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ ഇതിന്റെ പ്രാധാന്യത്തെ സൂറത്തുല്‍ ഫത്‌ഹില്‍ പരാമര്‍ശിക്കുന്നു: സത്യവിശ്വാസികള്‍ ആ മരച്ചുവട്ടില്‍ വെച്ചു നബിയോട്‌ പ്രതിജ്ഞ ചെയ്യുമ്പോള്‍ അല്ലാഹു സത്യമായും അവരെ തൃപ്‌തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത്‌ അവന്‍ അറിയുകയും അങ്ങനെ അവരുടെ മേല്‍ ശാന്തി ഇറക്കുകയും ആസന്നമായ ഒരു വമ്പിച്ച വിജയം അവര്‍ക്ക്‌ പ്രതിഫലമായി നല്‍കുകയും ചെയ്‌തു(സൂറ ഫത്‌ഹ്‌ 18).

പ്രസ്‌തുത തിരുവചനത്തില്‍ അല്ലാഹു പരാമര്‍ശിച്ച ആ മരം ഏതായിരുന്നുവെന്ന്‌ ആ മരച്ചുവട്ടില്‍ വെച്ചു പ്രതിജ്ഞ നടത്തിയ സ്വഹാബ(റ)ക്ക്‌ പോലും പിന്നീടു വന്നു നോക്കിയപ്പോള്‍ തറപ്പിച്ചു പറയാനായില്ല. ഈ മരമാണെന്ന്‌ ഒരാള്‍ അവകാശപ്പെടുമ്പോള്‍ മറ്റൊരാള്‍ അല്ല, ആ മരമായിരുന്നുവെന്ന്‌ പറയുന്ന വിധത്തില്‍ അവ്യക്തമായിപ്പോയിരുന്നു. ബീഅത്തു റിള്‌വാന്‍ നടന്നതിന്റെ തൊട്ടടുത്ത വര്‍ഷം ചെന്നപ്പോള്‍ ആ മരം ഏതായിരുന്നുവെന്ന്‌ ഞങ്ങള്‍ തിരഞ്ഞുനോക്കിയപ്പോള്‍ അതേത്‌ മരമായിരുന്നുവെന്ന്‌ രണ്ടാളുകള്‍ക്കിടയില്‍ പോലും യോജിപ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന്‌ ഇബ്‌നുഉമര്‍(റ) പ്രസ്‌താവിക്കുകയുണ്ടായി.


ത്വാരിഖ്‌ബ്‌നു അബ്‌ദുറഹ്‌മാന്‍ പറയുന്നു: ഒരു പ്രത്യേക സ്ഥലത്ത്‌ നമസ്‌കരിക്കുന്ന ആളുകളെ ഞാന്‍ കണ്ടു. ഈ നമസ്‌കാര സ്ഥലം ഏതെന്ന്‌ ഞാന്‍ അവരോട്‌ ചോദിച്ചു: ഇത്‌ റസൂല്‍ (സ)യുമായി ബൈഅത്തു രിസ്‌വാന്‍ നടത്തിയ വൃക്ഷമാണെന്നവര്‍ പറഞ്ഞു. സയീദുബ്‌നു മുസയ്യബിന്റെ അടുക്കല്‍ ഞാന്‍ ചെന്നപ്പോള്‍ ഈ വിവരം അദ്ദേഹത്തോടുപറയുകയുണ്ടായി. അദ്ദേഹം പ്രസ്‌താവിച്ചു. എന്റെ പിതാവ്‌ (മുസയ്യബ്‌) മരച്ചുവട്ടില്‍ വെച്ചു റസൂല്‍ തിരുമേനി (സ)യോട്‌ പ്രതിജ്ഞനടത്തിയവരില്‍പെട്ട ഒരാളായിരുന്നു. അദ്ദേഹം പറയുകയുണ്ടായി: ഞങ്ങള്‍ അടുത്ത വര്‍ഷം ആ സ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ തന്നെ ആ മരം ഏതായിരുന്നു വെന്ന്‌ പറയാന്‍ കഴിയാത്തവിധം ഞങ്ങള്‍ക്ക്‌ മറപ്പിക്കപ്പെട്ടു. അക്കാരണത്താല്‍ ഞങ്ങള്‍ക്കത്‌ തിരിച്ചറിയാനായില്ല. ഇങ്ങനെ ``ബൈഅത്തുല്‍ രിസ്‌വാന്‍'' നടന്ന മരച്ചുവടാണെന്ന്‌ വാദിച്ചു ചില ആളുകള്‍ ഒരു മരത്തിന്റെ യടുക്കല്‍ നമസ്‌ക്കരിച്ചു കൊണ്ടിരിക്കുന്ന വിവരം ഉമര്‍ (റ)ന്‌ തന്റെ ഭരണ കാലത്തു ലഭിച്ചു. അദ്ദേഹം അവരെ ശാസിക്കുകയും ആ മരം മുറിച്ചു നീക്കുവാനായി കല്‍പിക്കുകയും ചെയ്‌തു. അത്‌ മുറിച്ചു നീക്കപ്പെട്ടു. എന്തിന്‌?


വ്യാജ ആസാറുകള്‍ യധാര്‍ത്ഥ ആരാറുകളാക്കി വെച്ചു ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വഞ്ചിക്കുന്നതിനെതിരെ ശക്തമായി പ്രഹരിക്കുകയായിരുന്നു ഉമര്‍ (റ). വ്യാജ മുടിക്കെട്ടുകള്‍ റസൂല്‍ (സ)യുടെ തിരുകേശമാണെന്നു പ്രചരിപ്പിച്ചു മുതലെടുപ്പ്‌ നടത്തുന്ന വ്യാജന്മാരെ നിലക്ക്‌ നിറുത്തുവാനും അമര്‍ച്ചചെയ്യുവാനും ഒരു ഉമറുല്‍ ഫാറൂഖ്‌ ഇല്ലാതെപോയല്ലോ?


അഹ്‌മദുല്‍ ഖസ്‌റജിയുടെ നീണ്ട മുടിക്കൂട്ടങ്ങള്‍
റസൂല്‍ (സ)യുടെ തിരുകേശമെന്ന പേരില്‍ `ദലീലുല്‍ ഈമാന്‍' എന്ന സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്ന(ശേഷം അപ്രത്യക്ഷമായി) അഹ്‌മ്മദ്‌ ഖസ്‌റജിയും കൈവശമുള്ള മുടികള്‍ റസൂല്‍ (സ)യുടേതല്ലെന്നതിന്‌ ധാരാളം തെളിവുണ്ട്‌. 1) അതിന്റെ ഒരു മീറ്ററോളമുള്ള നീളം. റസൂല്‍ തിരുമേനി (സ)യുടെ തലയില്‍ ഇത്രയും നീളമുള്ള മുടി ഉണ്ടായിരുന്നില്ല. 2) അഹ്‌മദുല്‍ ഖസ്‌റജി പ്രസിദ്ധീകരിച്ച അസ്‌റാറുല്‍ ആസാരിന്നബവിയ്യ എന്ന ഗ്രന്ഥവും ഒരു അനിഷേധ്യതെളിവ്‌ തന്നെയാണ്‌. കാരണം നബി(സ)യുടെതെന്ന്‌ പറയപ്പെടുന്ന തിരുകേശങ്ങളുടെ ധാരാളം ചിത്രങ്ങള്‍ അതിലുണ്ടല്ലോ. എന്നാല്‍ അവയില്‍ ഒന്ന്‌ പോലും അഹ്‌മദുല്‍ ഖസ്‌റജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ കാല്‍ ഭാഗമെങ്കിലും വലിപ്പമില്ല എന്നത്‌ പ്രസ്‌തുത ചിത്രങ്ങള്‍ സൂക്ഷിച്ചു നോക്കുന്നവര്‍ക്ക്‌ കാണാവുന്നതാണ്‌.