Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

കേശവിവാദം: പ്രമാണങ്ങള്‍ പറയുന്നത്- അബ്ദുല്‍ ഹമീദ്‌ ഫൈസി

(11-07-2011 ഇല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം) 
ഉസ്താദ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി 
2011 ജനുവരിയില്‍ കാരന്തൂര്‍ മര്‍ക്കസ് സമ്മേളനത്തില്‍വെച്ച് കൈമാറ്റം ചെയ്യപ്പെട്ട പ്രവാചകരുടേതെന്ന് പറയപ്പെടുന്ന കേശം സംബന്ധിച്ച വിവാദം തുടരുകയാണ്. ഇതിനിടയില്‍ പ്രവാചകപ്രഭുവിനെ ഇകഴ്ത്തിക്കാണിക്കാനും പ്രാകൃതമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു.
അബുദാബി പൗരന്‍ അഹ്്മദ് ഖസ്റജി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് നല്‍കിയ കേശം പ്രവാചകരുടേതല്ലെന്ന് വിലയിരുത്താന്‍ മൂന്ന് കാരണങ്ങളാണ് മുഖ്യമായും ഉള്ളത്.
  1. മുടി കൈമാറിപ്പോന്ന "സനദോ' (ശൃംഖല) മുടി പ്രവാചകരുടേതാണെന്ന് വിശ്വസിക്കാവുന്ന തെളിവുകളോ ഇല്ല
  2. മുടിയുടെ അസാമാന്യ നീളം
  3. എണ്ണത്തിലെ ആധിക്യം

കാന്തപുരത്തിന് കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്രത്തിലെ മുടികള്‍ക്ക് അര മീറ്ററിലധികം നീളമുണ്ട്. ആയിരക്കണക്കിന് മുടികളുടെ കെട്ടുകള്‍ തന്നെയുണ്ടവിടെ. ചരിത്രപരമായി ഇത്ര നീളവും എണ്ണവുമുള്ള മുടികള്‍ പ്രവാചകരില്‍നിന്ന് കൈമാറ്റം ചെയ്ത് വന്നതായി സ്ഥിരീകരിക്കപ്പെടുന്നില്ല. ഇത്രയധികം നീളമുള്ള മുടി പ്രവാചകനുണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രവാചകന്‍ സാധാരണ മുടി വെട്ടിയൊതുക്കാതെ വര്‍ഷങ്ങളോളം അതുനീട്ടി വളര്‍ത്തി നടക്കുന്ന പ്രാകൃത ജീവിതമാണ് നയിച്ചിരുന്നതെന്ന് ചിലര്‍ പറയുന്നു. അവര്‍ എഴുതിയത് കാണുക.
"ഹുദൈബിയ്യയില്‍ നീക്കംചെയ്ത തിരുകേശങ്ങള്‍ക്ക് ചുരുങ്ങിയത് ആറ് വര്‍ഷത്തെ വളര്‍ച്ചയെങ്കിലും കാണും.' (സിറാജ് 9.6.11). നബി മക്കയില്‍നിന്ന് മദീനയിലേക്ക് ഹിജ്റ വന്നശേഷം ചരിത്രപ്രസിദ്ധമായ ഹുദൈബിയാ സന്ധി നടക്കുന്നതുവരെ ആറുവര്‍ഷക്കാലം തന്റെ മുടി വെട്ടി വൃത്തിയാക്കിയില്ലെന്നാണിവിടെ പറയുന്നത്! തുടര്‍ന്ന് അവര്‍ എഴുതുന്നു: "ആറുവര്‍ഷം ഒരാള്‍ മുടി നീക്കാതിരുന്നാല്‍ അതിനെത്ര നീളം കാണും?' (അതേ പത്രം).
നബിയുടെ എല്ലാ കാര്യങ്ങളും ഹദീസ് ഗ്രന്ഥങ്ങളില്‍ കൃത്യമായി രേഖപ്പെട്ടുകിടക്കുന്നതുപോലെതന്നെ നബിയുടെ മുടി സംബന്ധമായി വ്യക്തമായ തെളിവുകളും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. "നബിയുടെ മുടിയുടെ വിശേഷണം' എന്ന ഒരു അധ്യായംതന്നെ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. അത് സംബന്ധമായ വിവിധ ഹദീസുകളില്‍ വന്ന നിവേദനങ്ങള്‍ ഇങ്ങനെയാണ്:
"നബിയുടെ മുടി രണ്ട് ചെവിക്കുറ്റിവരെയായിരുന്നു.' (ഹദീസ്)
"നബിയുടെ മുടി ചെവിയുടെ പകുതിവരെയായിരുന്നു.' (ഹദീസ്)
"നബിയുടെ മുടി രണ്ട് ചെവികള്‍ക്കും ചുമലിനുമിടയിലായിരുന്നു.' (ഹദീസ്)
"നബിയുടെ മുടി ചുമലിലേക്ക് ഇറങ്ങിയിരുന്നു.' (ഹദീസ്).
ഇത്രയും നിവേദനങ്ങള്‍ ഉദ്ധരിച്ചശേഷം പ്രമുഖ ഹദീസ് വ്യാഖ്യാതാവ് ഇമാം നവവി തന്റെ പ്രശസ്തമായ "മുസ്ലിം' വ്യാഖ്യാന ഗ്രന്ഥത്തില്‍ പറയുന്നു: "ഉദ്ധൃത നിവേദനങ്ങളെ ഒന്നുകൂടി വ്യക്തമാക്കുന്നു ഇബ്രാഹീം ബര്‍ബിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ്. അതിപ്രകാരമാണ്: "നബിയുടെ മുടി ചെവിക്കുറ്റിക്ക് മീതെയും എന്നാല്‍ ചുമലിലേക്ക് എത്താത്തതുമായിരുന്നു.' (ശര്‍ഹു മുസ്ലിം 8/77).
ഉപരിസൂചിത നിവേദനങ്ങള്‍ സംയോജിപ്പിച്ച് ഇമാം നവവിതന്നെ പറയുന്നു: "മുടി വെട്ടുന്ന കാര്യത്തില്‍ അശ്രദ്ധ വന്നാല്‍ ചുമല്‍വരെ മുടി എത്തുമായിരുന്നു. വെട്ടിയാല്‍ ചെവിയുടെ പകുതിവരെ മാത്രമേ ഉണ്ടാകൂ. വിവിധ സമയങ്ങളില്‍ മുടിക്കുണ്ടായിരുന്ന നീളത്തെ സംബന്ധിച്ചാണ് വിവിധ നിവേദനങ്ങളില്‍ വന്നത്.' (അതേ ഗ്രന്ഥം).
പ്രസിദ്ധ ഹദീസ് വ്യാഖ്യാതാവ് ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: "നബിയുടെ മുടി ചെവിക്കുറ്റി വരെയായിരുന്നുവെന്നു നിവേദനം ചുമല്‍വരെ ഉണ്ടായിരുന്നുവെന്ന നിവേദനത്തിനെതിരാണെന്ന സംശയത്തിന് നമുക്കിപ്രകാരം മറുപടി നല്‍കാം. നബിയുടെ അധിക മുടിയും ചെവിക്കുറ്റിവരെ തന്നെയായിരുന്നു. എന്നാല്‍ അതില്‍നിന്ന് തൂങ്ങിക്കിടന്നിരുന്ന ചില മുടികള്‍ ചുമലിലേക്ക് ചേര്‍ന്നുനിന്നിരുന്നു. അല്ലെങ്കില്‍ രണ്ടു നിവേദനങ്ങളില്‍ പറഞ്ഞ മുടിയുടെ ദൈര്‍ഘ്യം രണ്ട് അവസരങ്ങളിലായിരുന്നുവെന്ന് വെക്കണം.' (ഫത്ഹുല്‍ ബാരി 8/457).
നബിയുടെത് ഒരിക്കലും ചുമലിന് താഴേക്ക് ഇറങ്ങിയ ദീര്‍ഘമായ മുടിയായിരുന്നില്ലെന്ന് വ്യക്തമായി. മാത്രമല്ല, മുടി വൃത്തിയായി വെട്ടി മാറ്റാതെ നീട്ടിയ അനുചരന്‍മാരില്‍ ചിലരെ നബി അതുവെട്ടാന്‍ പ്രേരിപ്പിച്ച സംഭവങ്ങളും ഹദീസിലുണ്ട്. വാഇല്‍ ബിന്‍ ഹുജര്‍വില്‍നിന്ന് നിവേദനം: "നീട്ടിയ മുടിയുമായി ഞാന്‍ നബിയുടെ അടുക്കല്‍വന്നു. എന്നെ കണ്ടപ്പോള്‍ മോശം, മോശം, മോശം എന്നിങ്ങനെ അങ്ങുന്ന് പറഞ്ഞു. ഉടനെ ഞാന്‍ അവിടന്ന് മടങ്ങുകയും മുടി വെട്ടുകയും പിറ്റേ ദിവസം പ്രവാചകരുടെ അടുക്കല്‍ ചെല്ലുകയുമുണ്ടായി. അപ്പോള്‍ തിരുമേനി ഇപ്രകാരം പറഞ്ഞു: "നിന്നെ പ്രത്യേകം ഉദ്ദേശിച്ച് പറഞ്ഞതല്ല ഞാന്‍. പക്ഷേ, മുടി ഇപ്രകാരം വെട്ടുന്നതാണ് ഏറ്റവും നല്ലത്.' (അബൂദാവൂദ്).
മുടി അധികം നീണ്ടുപോകാതെ വെട്ടി വൃത്തിയാക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്‍ വ്യക്തി ജീവിതത്തില്‍ ആറ് വര്‍ഷക്കാലം മുടിവെട്ടാതെ പ്രാകൃതമായ ജീവിതം നയിക്കുമോ? പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താതെ മറ്റുള്ളവരോട് കല്‍പിക്കുന്ന പ്രകൃതക്കാരനായിരുന്നില്ലല്ലോ, പ്രവാചകന്‍.
ഹിജ്റ വര്‍ഷം ഏഴില്‍ നബി മുടി കളഞ്ഞിട്ടുണ്ട്. എട്ടാം വര്‍ഷമാണ് മക്ക വിജയം. ഹിജ്റ എട്ടില്‍ നബി മക്കയില്‍ വരുമ്പോള്‍ മുടി നെഞ്ചിലേക്ക് തൂങ്ങിനിന്നിരുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. കേവലം ഒരു വര്‍ഷംകൊണ്ട് നബിയുടെ മുടി നെഞ്ചിലേക്ക് തൂങ്ങിയെങ്കില്‍ ആറ് വര്‍ഷം മുടി വെട്ടാതെ നീട്ടിയ നബിയുടെ മുടിക്ക് എത്രനീളം കാണണം? ചുരുങ്ങിയത് അരവരെയെങ്കിലും. ഇതാണവരുടെ കണക്കുകൂട്ടല്‍.
അവര്‍ എഴുതുന്നു: "നബി മക്കാ ഫത്ഹിനു വരുമ്പോള്‍ അവിടത്തെ തിരുശിരസ്സില്‍ നെഞ്ചിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാല് മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നുവെന്ന് ഉമ്മുഹാനിഅ്യില്‍നിന്ന് നിവേദനം ചെയ്യുന്നു.' (സിറാജ് 9.6.11).
ഇവിടെ കടുത്ത ഹദീസ് ദുര്‍വ്യാഖ്യാനമാണ് നടത്തിയത്. "ഗദാഇര്‍' എന്ന അറബിമൂലത്തിനാണ് "നെഞ്ചിലേക്കിറങ്ങിനില്‍ക്കുന്ന മുടിക്കെട്ടുകള്‍' എന്ന് ലേഖകന്‍ അര്‍ത്ഥ കല്‍പന നടത്തിയത്. ഇതിന് ഹദീസ് വ്യാഖ്യാതാക്കള്‍ നല്‍കിയ അര്‍ത്ഥം "മിടഞ്ഞ മുടികള്‍' എന്നാണ്. മുടി മിടഞ്ഞ് നാല് ഇതളുകളാക്കി ചെവികളുടെ ഇരുഭാഗത്തേക്കും ഒതുക്കിവെച്ചിരുന്നുവെന്നാണ് ഇതിന്റെ താല്‍പര്യമെന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹദീസ് വ്യാഖ്യാതാക്കള്‍ നല്‍കിയ അര്‍ത്ഥത്തിന് പുറമെ "നെഞ്ചിലേക്ക് തൂങ്ങിയ മുടി' എന്ന് ഈ പദത്തിന് "ലിസാനുല്‍ അറബ്' എന്ന അറബി നിഘണ്ടു അര്‍ത്ഥം നല്‍കിയിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, ഒരു പദത്തിന് ഒന്നിലധികം അര്‍ത്ഥമുണ്ടാവുകയും അതില്‍ ഒന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ തെരഞ്ഞെടുക്കുകയും ചെയ്താല്‍ അത് അംഗീകരിക്കലാണ് ഇസ്ലാമിക രീതി. സ്വതന്ത്രമായി ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കുന്ന രീതി ഇസ്ലാമിക സമൂഹം അംഗീകരിക്കുന്നില്ല. "നബി മക്ക ഫത്ഹിന് വരുമ്പോള്‍ തങ്ങള്‍ക്ക് നാല് "ഗദാഇര്‍' ഉണ്ടായിരുന്നു' എന്നതിന്റെ അര്‍ത്ഥം നാല് ഭാഗത്തേക്ക് ഒതുക്കിവെച്ച മുടി ഉണ്ടായിരുന്നുവെന്നാണ്. നെഞ്ചിലേക്ക് തൂങ്ങിയ മുടി എന്ന ഉദ്ദേശ്യം ഇവിടെ ഇല്ലെന്നര്‍ത്ഥം (ലിസാനുല്‍ അറബ് 5/10).
വര്‍ഷങ്ങളോളം മുടി വെട്ടുകയോ വൃത്തിയാക്കുകയോ ചെയ്യാതെ അരവരെ നീണ്ടുനില്‍ക്കുന്ന മുടിയും നെഞ്ചിലേക്ക് ഇറങ്ങി നില്‍ക്കുന്ന മുടിയുമൊക്കെയാണ് പ്രവാചക മാതൃകയെങ്കില്‍ അത് അതേപടി പിന്‍പറ്റാന്‍ ഇസ്ലാമിക സമൂഹം ബാധ്യസ്ഥരല്ലേ? ഇപ്രകാരം വാദിക്കുന്നവരെങ്കിലും എന്തുകൊണ്ട് ഈ മാതൃക പിന്‍പറ്റുന്നില്ല?
വിവാദ മുടിയുടെ നീളം സ്ഥിരീകരിക്കാന്‍ പ്രവാചകരെ വികൃതമായി ചിത്രീകരിച്ചതുപോലെ മുടിയുടെ ആധിക്യം സ്ഥാപിക്കാനും ആ ചരിത്രം വളച്ചൊടിക്കാനും നബി വചനങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കാനും ശ്രമിക്കുകയാണ്.
പ്രവാചകകേശം ലോകത്ത് ചിലയിടങ്ങളില്‍ വളരെ പാവനമായി കാത്തുസൂക്ഷിച്ചുവരുന്നുണ്ട്. അവിടെയൊക്കെ ഒന്നോ രണ്ടോ വളരെ കുറച്ചോ കേശങ്ങളാണ് സൂക്ഷിച്ചുവരുന്നത്. ആയിരക്കണക്കിന് തിരുകേശങ്ങള്‍ സൂക്ഷിച്ചുവരുന്ന അറിയപ്പെട്ട ഒരു കേന്ദ്രവും ഇസ്ലാമികലോകത്തില്ല. ആയിരക്കണക്കിന് മുടികളുടെ കെട്ടുകള്‍ ഒരു സ്വഹാബിവഴി കൈമാറിപ്പോന്നു എന്ന് ചരിത്രരേഖകളില്‍ കാണുന്നുമില്ല. കാന്തപുരത്തിന് മുടി കൈമാറിയ കേന്ദ്രത്തില്‍ മുടികളുടെ കെട്ടുകള്‍ ആയിരക്കണക്കിന് തന്നെയുണ്ട്.
ഹിജ്റ പത്തില്‍ ഹജ്ജത്തുല്‍ വദാഇല്‍ നബി മുടിയെടുത്തിട്ടുണ്ട്. നബിയുടെ മുടിക്കുവേണ്ടി സ്വഹാബികള്‍ മത്സരിച്ചപ്പോള്‍ അവ മൊത്തം അബൂത്വല്‍ഹവിനെ ഏല്‍പിക്കുകയും ഓരോന്നും ഈരണ്ടുമായി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നബി കല്‍പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. അബൂത്വല്‍ഹയും പ്രിയതമ ഉമ്മുസുലൈഖയും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ അത് വിതരണം ചെയ്യുകയുമുണ്ടായി.
എന്നാല്‍, ഇവര്‍ എഴുതുന്നത് അബൂത്വല്‍ഹക്ക് തലയുടെ ഒരു ഭാഗത്തെ മുടി മുഴുവനും നല്‍കുകയും അദ്ദേഹമത് സ്വന്തമാക്കുകയും ചെയ്തുവെന്നാണ്. അബൂത്വല്‍ഹക്ക് കിട്ടിയ മുടിയുടെ എണ്ണവും അവര്‍ പറയുന്നുണ്ട്. മാത്രമല്ല, അദ്ദേഹം ഖസ്റജി കുടുംബമാണെന്നും വ്യക്തമാക്കുന്നു. കാന്തപുരത്തിന് മുടി നല്‍കിയ വ്യക്തി ഖസ്റജി കുടുംബത്തിലെ അംഗമാണല്ലോ. അവര്‍ എഴുതിയത് നോക്കൂ: "അബൂത്വല്‍ഹവിന് ലഭിച്ചത് ചുരുങ്ങിയത് അമ്പതിനായിരമോ അറുപതിനായിരമോ മുടികള്‍! ആരാണ് അബൂത്വല്‍ഹ? അന്‍സാരികളില്‍പെട്ട ഖസ്റജി വംശജന്‍.' (സിറാജ് 9.6.11).
ഇപ്പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. നബിയുടെ തലയുടെ വലത് ഭാഗത്തെയും ഇടത് ഭാഗത്തെയും മൊത്തം മുടികള്‍ അബൂത്വല്‍ഹവിനെ ഏല്‍പിക്കുകയും മൊത്തം വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ വന്ന വിവിധ നിവേദനങ്ങള്‍ സംയോജിപ്പിച്ച് ഇമാം നവവി പറയുന്നു:
അനസില്‍ നിന്നുദ്ധരിക്കപ്പെട്ട ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും വിവിധ വഴിയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍പ്പെട്ട ഒന്ന് ഇങ്ങനെയാണ്. അനസില്‍നിന്ന് നിവേദനം: "നബി ജംറകളില്‍ എറിയുകയും ബലിയറുക്കുകയും ചെയ്തശേഷം ക്ഷുരകന് തന്റെ വലതുഭാഗം കാണിച്ചുകൊടുത്തു. ആ മുടി അയാള്‍ നീക്കംചെയ്തു. പിന്നീട് നബി (സ്വ) അബൂത്വല്‍ഹ (റ) വിനെ വിളിക്കുകയും ആ മുടി അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. ശേഷം ഇടതുഭാഗം ക്ഷുരകന് കാണിച്ചുകൊടുക്കുകയും വടിക്കുകയും ചെയ്തു. അതും അബൂത്വല്‍ഹവിനെ ഏല്‍പിച്ചു. എന്നിട്ട് നബി ഇപ്രകാരം പറഞ്ഞു: "ഇത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക.'
"ഇത് മുസ്ലിം നിവേദനം ചെയ്ത ഹദീസുകളില്‍ ഒന്നാണ്. ഇവ്വിഷയകമായി വന്ന ബാക്കി റിപ്പോര്‍ട്ടുകള്‍ ഈ ഹദീസിന്റെ ആശയപ്രകാരം യോജിപ്പിക്കണം.' (ശര്‍ഹുത്തഹ്ദീബ് 8/196).
തലയുടെ രണ്ടുഭാഗത്തെയും മൊത്തം മുടികള്‍ വിതരണം ചെയ്യാന്‍ നബി നിര്‍ദ്ദേശിച്ചുവെന്ന് വ്യക്തമാക്കുന്ന ഈ റിപ്പോര്‍ട്ടിനനുസരിച്ച് ഭാഗികമായി വന്ന മറ്റ് റിപ്പോര്‍ട്ടുകളും വ്യാഖ്യാനിക്കണമെന്ന് പ്രമുഖ ഹദീസ് വ്യാഖ്യാതാവ് ഇമാം നവവി രേഖപ്പെടുത്തിയത് മറച്ചുവെക്കുന്നത് ഒട്ടും ഉചിതമല്ല. താല്‍ക്കാലിക ലാഭത്തിനുവേണ്ടി പ്രവാചക ചരിത്രം വളച്ചൊടിക്കുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരത തന്നെയാണ്.
കാന്തപുരംതന്നെ അവതാരിക എഴുതുകയും 2011ല്‍ മര്‍ക്കസില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്ത "തിരുകേശ മഹത്വം, വര്‍ത്തമാനം' എന്ന പുസ്തകത്തില്‍ (പേജ് 19) മുഴുവന്‍ മുടിയും അബൂത്വല്‍ഹ വിതരണം ചെയ്തുവെന്ന് എഴുതിയിട്ടുണ്ട്. അവസരത്തിനൊത്ത് വേദഗ്രന്ഥങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത ജൂത, sൈ്രസ്തവ പാരമ്പര്യമാണെന്നോര്‍ക്കുക.
ഇന്നിപ്പോള്‍ വിവാദ കേശത്തെ ന്യായീകരിക്കുന്നവര്‍ "സനദ്' എന്ന ആധികാരിക തെളിവ്തന്നെ ചോദ്യംചെയ്യുകയാണ്. അവര്‍ എഴുതുന്നു: "എവിടെനിന്ന് പടികടന്നുവന്നു ഈ സനദ് വിവാദം? ഇസ്ലാമില്‍ ഇങ്ങനെയൊരു സംസ്കാരമില്ല. സനദ് വിവാദത്തിന്റെ ചരിത്രവുമില്ല.' (സിറാജ് 8.6.11).
തീര്‍ത്തും വാസ്തവവിരുദ്ധമാണ് ഇപ്പറഞ്ഞത്. പ്രവാചകനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ പ്രധാന തെളിവായി ഇസ്ലാമിക ലോകം അവലംബിച്ചത് അത് കൈമാറിപ്പോന്ന വിശ്വാസ യോഗ്യരുടെ പരമ്പരയുണ്ടോ എന്നുതന്നെയാണ്.
സയ്യിദന്മാര്‍ (തങ്ങന്‍മാര്‍) പ്രവാചക കുടുംബ പരമ്പരയില്‍പെട്ടതാണെന്ന് സ്ഥിരപ്പെടേണ്ടത് തന്നെയാണ്. മഖ്ബറകളിലുള്ളത് മഹാന്‍മാരാണെന്നതും സ്ഥിരപ്പെട്ടേ തീരൂ. പ്രശസ്തരായ സയ്യിദന്‍മാരുടെ പ്രവാചകരിലേക്കെത്തുന്ന കുടുബ പരമ്പര അവര്‍ സൂക്ഷിച്ചുവരുന്നു. അതിനവര്‍ വലിയ പ്രാധാന്യവും നല്‍കുന്നു. വിവാഹബന്ധവും മറ്റും നടത്തുമ്പോള്‍ ഇക്കാര്യം ഇവര്‍ പരിഗണിക്കുകയും ചെയ്യുന്നു. മറ്റുചില തങ്ങന്‍മാരുടെ കൈവശം രേഖയില്ലെങ്കിലും അവര്‍ പ്രവാചക കുടുംബത്തില്‍പെട്ടവരാണെന്ന് നൂറ്റാണ്ടുകളായി അംഗീകരിച്ചു വരുന്നതാണ്. എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ചുവരികയെന്നത് വലിയ തെളിവാണ്. "മുത്തവാത്തിര്‍' (ഏകകണ്ഠമായി തലമുറകള്‍ അംഗീകരിച്ചുവരുന്നത്) എന്നത് ഇസ്ലാമില്‍ വലിയ തെളിവാണ്. വിശുദ്ധ മക്കയിലെ ഒരു തിരുകേശത്തെക്കുറിച്ച് പ്രസിദ്ധമായ ഒരു ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. "വിശുദ്ധ മക്കയില്‍ സന്ദര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസിദ്ധമായ ഒരു തിരുകേശമുണ്ട്. അത് പ്രവാചകരുടെ കേശമാണെന്ന് തലമുറകള്‍ ഏകോപിച്ച് കൈമാറി പോന്നിരിക്കുന്നു.' (അല്‍ അസാറിന്നബവിയ്യ, പേജ് 85).
കാന്തപുരത്തിന് കേശം കൈമാറിയ അഹ്മദ് ഖസ്റജിയുടെ കൈവശമുള്ള മുടികള്‍ പ്രവാചകരുടേതല്ലെന്നും പാരമ്പര്യമായി തങ്ങളുടെ കുടുംബത്തില്‍ സൂക്ഷിച്ചുവരുന്നതല്ലെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ ഹസന്‍ ഖസ്റജി 2.4.2011ന് കേരളത്തിലേക്ക് കത്തെഴുതി. ഈ കത്തിനെക്കുറിച്ച് ഇവര്‍ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ നോക്കൂ.
"കത്തെഴുതി എന്ന് പറയപ്പെടുന്ന ആളിനെ ഇതുവരെ ആരും കണ്ടിട്ടില്ല. ഇയാളെഴുതിയ കത്താണോ ഇതെന്നും സ്ഥിരീകരണമില്ല.' (സിറാജ് 9.6.11).
മുന്‍ യു.എ.ഇ. മതകാര്യ വകുപ്പ് മന്തിയുടെ മകന്‍ ഹസന്‍ ഖസ്റജിയെ ഇതുവരെ ആരും കണ്ടിട്ടില്ലപോല്‍! കേരളത്തില്‍ മാത്രം കഴിയുന്ന ചിലര്‍ കണ്ടിട്ടില്ലായിരിക്കാം. അബുദാബിയിലെ അറബികളില്‍ ആരാണ് അദ്ദേഹത്തെ അറിയാത്തവര്‍. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയെ ഇവിടെമാത്രം കഴിഞ്ഞുകൂടുന്ന ഒരാള്‍ കാണാത്തതിനാല്‍ അങ്ങനെ ഒരാളില്ലെന്ന് പറയാമോ?
ഇയാളെഴുതിയ കത്താണോ ഇതെന്നും സ്ഥിരീകരണമില്ല. ഒരു കത്ത് ബന്ധപ്പെട്ട കക്ഷിയുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട്. ഒപ്പും സീലും ഒന്നും പോരെങ്കില്‍ ലെറ്റര്‍ ഹെഡിന് താഴെ ഇംഗ്ലീഷിലും അറബിയിലും അദ്ദേഹത്തിന്റെ കൃത്യമായ വിലാസവും ടെലഫോണ്‍ നമ്പറും ഫാക്സ് നമ്പറും നല്‍കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പിക്കാന്‍ എത്രവേഗം കഴിയും. ഇതൊന്നുമല്ലെങ്കില്‍ നേരില്‍ കണ്ട് ചോദിച്ചേ തീരൂവെങ്കില്‍ അങ്ങനെയും ചെയ്യാമല്ലോ. ഇതൊന്നും ചെയ്യാതെ കത്ത് ഹസന്‍ ഖസ്റജി തന്നെ എഴുതിയതാണോ എന്ന് സംശയിക്കുന്നതിനെന്താണ് ന്യായീകരണം?
2005ല്‍ കാന്തപുരത്തിന് ലഭിക്കുകയും വിവാദമായപ്പോള്‍ മാറ്റിവെക്കുകയും മുംബൈയിലെ ഇഖ്ബാല്‍ ജാലിയാ വാലയാണിത് കൈമാറിയതെന്ന് വെളിപ്പെടുത്തുകയും ചെയ്ത ആദ്യമുടി പ്രവാചകരുടേതെന്നതിന് യാതൊരു തെളിവുമില്ലെന്ന് മുംബൈയില്‍ ചെന്നന്വേിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാകും. മുടി പ്രൗഢമായി സൂക്ഷിക്കാനായി നാല്‍പത് കോടിയുടെ പള്ളി നിര്‍മ്മാണത്തിന് ധനസമാഹരണം നടത്തുന്നത് 2011ല്‍ അഹ്മദ് ഖസ്റജി കൈമാറിയ കേശത്തിനാണ്. ഈ കേശവും മുംബൈയിലെ അതേ കേന്ദ്രത്തില്‍നിന്നുതന്നെ ലഭിച്ചതാണെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വിവാദവും പിരിവും അവസാനിപ്പിച്ചുകൂടേ? ആദരണീയനായ പ്രവാചകന്റെ ചരിത്രം വികലമാക്കി അവതരിപ്പിക്കുന്നതും നബി തങ്ങളെ ഇകഴ്ത്തിക്കാണിക്കാനിടയാക്കുന്നതും ഒഴിവാക്കുന്നതല്ലേ പ്രവാചക സ്നേഹികള്‍ക്ക് കരണീയം?