തിരൂരങ്ങാടി : ആദ്യം വടക്കേ ഇന്ത്യയില്‍ നിന്നും പിന്നീട് അബൂദബിയില്‍ നിന്നും അജ്ഞാതരോമങ്ങള്‍ കൊണ്ട് വന്ന് വിശ്വസനീയ രേഖകളില്ലാതെ തിരുകേശമാണെന്നു തട്ടി വിടുകയും അതിന്റെ സൂക്ഷിപ്പിനുള്ള പള്ളിനിര്‍മാണത്തിനെന്ന പേരില്‍ പാവപ്പെട്ട വിശ്വാസികളെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപ പിഴിഞ്ഞെടുക്കുകയും ചെയ്‌ത് ഒടുവില്‍ സമൂഹ മധ്യേ ഇളിഭ്യരായവര്‍ വസ്‌തുതകള്‍ ഒന്നൊന്നായി വെളിച്ചത്തു വന്നിട്ടും നുണ പ്രചരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത പാതകമാണെന്നും ളോഹയിട്ടവരുടെ ഈ കപവവേല നിറുത്തി വെക്കണമെന്നും അന്താരാഷ്‌ട്ര പണ്ഡിതസഭാ അംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.
തന്റെ പക്കലുള്ള കേശങ്ങള്‍ ഒരു ബോംബെക്കാരനില്‍ നിന്നു കിട്ടിയതാണെന്നു സമ്മതിച്ച കൈവശക്കാരന്‍ കാന്തപുരം, മൂന്നിയൂരില്‍ വന്ന് ദാറുല്‍ഹുദാക്കെതിരെ അതീവ ഗുരുതരമായ നുണകളാണ് തട്ടിവിട്ടിരിക്കുന്നത്. സ്ഥാപനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ കാണിച്ച് അവിടെ ചില്ലു കൊണ്ട് ഖുബ്ബ നിര്‍മിച്ച് മുടി അതില്‍ സൂക്ഷിക്കുകയും താങ്കളുടെ പേര് ഖുബ്ബ മേല്‍ എഴുതി വെക്കുകയും ചെയ്യുമെന്ന് ബോംബെക്കാരനോട് വാക്കു കൊടുത്താണ് ഇവര്‍ പുതിയ മുടികള്‍ വാങ്ങിയിട്ടുള്ളതെന്നാണ് ഇയാള്‍ വിശ്വാസികളെ മുന്‍ നിറുത്തി പ്രസ്‌താവിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുടി വാങ്ങാനോ ഖുബ്ബയുണ്ടാക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനോ ദാറുല്‍ഹുദാ ആരെയും ബോംബെയിലേക്കയച്ചിട്ടില്ല. കൊണ്ടുവന്ന മുടികള്‍ അവിടെയല്ല സൂക്ഷിക്കുന്നത്. അജ്ഞാതരോമം കാട്ടി വിശ്വാസികളെ ചതിച്ച് പണപ്പിരിവ് നടത്തുന്ന പിന്തിരിപ്പത്വം ദാറുല്‍ഹുദാക്ക് സങ്കല്‌പിക്കാന്‍ പോലുമാകാത്ത അധര്‍മമാണ്.
പ്രവാചകീയമായ എന്തിനും കൈമാറ്റശൃംഖലാരേഖ അനിവാര്യമാണെന്ന് ആറുമാസം മുമ്പ് മര്‍കസില്‍ പ്രസംഗിച്ചത് കാന്തപുരമാണ്. എന്നിട്ട് അവിടെ വെച്ച് അറബിയും പിന്നീട് കോഴിച്ചെനയില്‍ വെച്ച് താനും വെവ്വേറെ സനദുകള്‍ വായിച്ചു. ഇപ്പോള്‍ അതെല്ലാം വ്യാജനിര്‍മിതങ്ങളും കപട നാടകങ്ങളുമായിരുന്നുവെന്നും എല്ലാ മുടികളും ബോംബെയില്‍ വിതരണം ചെയ്യപ്പെടുന്നതാണെന്നും ബോധ്യമായിരിക്കുന്നു. തിരുകേശത്തിനു സനദ് ആവശ്യമില്ലെന്നാണ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ ഇയാളും അനുയായികളും ജല്‌പിക്കുന്നത്. പ്രവാചക നിന്ദയാണെന്നതിനു പുറമെ ഇസ്‌ലാമിക വിശ്വാസങ്ങള്‍ കൊണ്ടുള്ള പന്താടലാണിതെന്നും ഇത്തരക്കാരെ സമുദായം തിരിച്ചറിയണമെന്നും നദ്‌വി പറഞ്ഞു.