Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

സനദിന്റെ തിരുവഴികള്‍

By Usthad Fisal Niyaz Hudawi        www.manalthitta.blogspot.com
കള്‍ട്ടുകള്‍ രൂപപ്പെടുമ്പോള്‍

വിവിധ കാലങ്ങളില്‍  ഇസ്ലാമിനുള്ളില്‍ വിവിധ ചിന്താധാരകള്‍ രൂപപ്പെടുകയും വളര്‍ത്തിയെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങള്‍ക്ക് പുറത്തായ പലതും വാദിച്ചവരും പ്രവാചകത്വം വാദിച്ചവരും ഇസ്ലാമില്‍ നിന്ന് തന്നെ പുറന്തള്ളപ്പെട്ടിട്ടുമുണ്ട്. പ്രവാചകന്‍റെ കാലത്ത് തന്നെ പ്രവാചകത്വം വാദിച്ചുവന്ന മുസൈലിമയും അസ് വദ അല്‍-അന്‍സിയും അക്കുട്ടത്ത്തില്‍ പെടും. പില്‍ക്കാലത്ത്‌ അത്തരമൊരു വാദവുമായി വന്നയാളാണ് മിര്‍സ ഗുലാം അഹ്മെദ് ഖാദിയാനി (1835-1908). ഗുലാം അഹ്മദിന്‍റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ കരങ്ങളുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ബഹായിസം ഉള്‍പ്പെടെയുള്ള പലതും പല കാലഘട്ടങ്ങളിലായി രൂപപെട്ടിടുണ്ട്. 

ഇതിനു പുറമേ വ്യാജ ആത്മീയ സരണികള്‍ കൂണുകള്‍ പൊലെ ലോകത്തിന്റെ 
പലഭാഗത്തും രൂപപെട്ടിട്ടുണ്ട്. ഇവരില്‍ പലതും  ഒരു കള്‍ട്ട് സ്വഭാവത്തോടെയാണ് നില നിന്നിട്ടുള്ളത്. ഇത്തരം കല്ട്ടുകള്‍ രൂപപ്പെടുത്തുന്നതിന് തന്റെ അനുയായികളിലൂടെ വ്യജ കഥകളും സ്വപ്ന ദര്‍ശന കഥകളും പ്രചരിപ്പിക്കുന്നത് ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നേത്രത്വം നല്‍കുന്നവരില്‍ പൊതുവായി കാണപ്പെടുന്നതാണ്. ഇത്തരത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണുകയും കാണിക്കുകയും ചെയ്തയാളാണ് അഹ്മദ്‌ ഖാദിയാനി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളത്തില്‍ വിവാദമാവുകയും കേരളീയ മുസ്‌ലിം സമൂഹം ഒന്നിച്ചു എതിര്‍ത്ത് തോല്പിക്കുകയും ചെയ്ത ആലുവ തരീഖ്‌ത്തും സ്വപ്ന കഥകളില്‍ വമ്പന്മാരാണ്. 


ഇസ്ലാം ഏറ്റവും കൂടുതല്‍ സംഘടനവത്കരിക്കപ്പെടുകയും സമ്മേളനവത്കരിക്കപ്പെടുകയും ചെയ്ത ഒരു പ്രദേശമാണ് കേരളം. മാര്‍ഗമായ സംഘടന ലക്ഷ്യമായി മാറിയപ്പോള്‍ ഇസ്ല്മാനെക്കാളും വലുത് സംഘടനയായി മാറി. ഒരേ ആശയം കൊണ്ടുനടക്കുന്നവര്‍ തന്നെ വ്യത്യസ്ത സംഘടനകളുടെ ഭാഗമായാതോടെ മത നിലപാടുകളില്‍ എതിരാളിക്കെതിരെ നില്‍ക്കുക്കയെന്ന രീതി സ്വീകരിക്കപ്പെട്ടു. ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപെട്ട, പരമ്പരാഗത ഇസ്‌ലാമിക വിശ്വാസ നിലപാടുകളെ അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായിട്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപപ്പെട്ടത്‌. എണ്‍പതുകളുടെ അവസാനത്തില്‍ സമസ്തയില്‍ രൂപപെട്ട ഭിന്നതകളുടെ ഫലമായി സമസ്ത മുശാവറയില്‍നിന്ന് തഴയപ്പെട്ട ആറു പേരുടെ നേത്രത്വത്തില്‍ രൂപം കൊണ്ട സംഘടന തുടക്കം മുതലേ വ്യക്തി കേന്ദ്രീക്രതമായിരുന്നു.


ഒരു ഭാഗത്ത്‌ ഭൌതിക സൌകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മറുഭാഗത്ത്‌ ആത്മീയ അവകാശവാദങ്ങള്‍ ഉയര്ത്തിയും തനിക്കും ചുറ്റും ഒരു മാസ്മരിക വലയം സൃഷ്ടിക്കാന്‍ കാന്തപുരം എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. കൃത്യമായ ലകഷ്യങ്ങളോടെ പ്ലാന്‍ ചെയ്യപ്പെട്ട പൊതു സമ്പര്‍ക്ക സംവിധാനങ്ങളിലൂടെ കേരളീയ പൊതു സമൂഹത്തില്‍ പ്രത്യക്ഷപ്പെടാനും അതു വഴി തന്‍റെ ഇടം ഉറപ്പിക്കാനുമായിരുന്നു ആദ്യ ശ്രമം. തുടര്‍ന്നങ്ങോട്ട് പ്രബോധന പ്രസ്ഥാനം എന്നതില്‍ നിന്ന് വ്യക്തി കേന്ദ്രീകൃത കള്‍ട്ട് രൂപത്തിലേക്ക് മാറുന്നതാണ് നാം കാണുന്നത്. അതിനു നേരത്തെ സൂചിപ്പിച്ചത് പോലെ സ്വപ്ന കഥകളുടെ അകമ്പടിയായി. നബി (സ) തങ്ങളെ കാണാന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന ആളായും ഔലിയാക്കളുടെ മുശാവറ മെമ്പറായും നബി (സ) തങ്ങളുടെ അടുത്ത ആളായും ചിത്രീകരിക്കപ്പെട്ടു. തന്‍റെ പ്രവര്‍ത്തനങ്ങള്‍ 23 വര്‍ഷത്തെ പ്രവാചകന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്ന് വരെ തന്‍റെ അനുയായികള്‍ എഴുതിവിട്ടപ്പോള്‍ അതു തടയുന്നതിന് പകരം ആസ്വദിക്കുകയായിരുന്നു മാന്യദേഹം. അതും കഴിഞ്ഞു 'ഉസ്താദ്‌' അറിയാതെ അല്ലാഹു ഒന്നും ചെയ്യുമെന്നും എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഒരു അനുയായി പ്രഖ്യാപിച്ചപ്പോള്‍ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ അണികള്‍ തക്ബീര്‍ വിളിച്ചതാണ് നാം കേള്‍ക്കുന്നത്.


പ്രവാചകന്‍ (സ) തങ്ങള്‍ സ്വപ്നത്തില്‍ നിര്‍ദേശിച്ച പ്രകാരം കാന്തപുരത്തിന് കൈമാറുന്നുയെന്നു പറഞ്ഞു അബുദാബിയിലെ അഹ്മദ്‌ ഖസ്രജി ഒരു കേശം കൈമാറിയപ്പോള്‍ അവിടെ രൂപപ്പെടിത്തിയ അന്തരീക്ഷവും അനന്തരാവകാശി(?)യുടെയും കാന്തപുരത്തിന്റെ തന്നെയും പ്രസംഗവുമെല്ലാം കള്‍ട്ട് നിര്‍മാണത്തിലെ അവസാന സംഭവ വികാസങ്ങളാണ്. അതിലും ദയനീയമാണ് അതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച രീതി.   മാസ്സ്‌ ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെ പ്രതികരിക്കുന്ന അണികള്‍ കള്ട്ടുകളുടെ ഒരു പൊതു സ്വഭാവമാണ്. ഇത് നിലവില്‍ മുസ്ലിം കേരളത്തെ പിടിച്ചുലച്ച കേശ വിവാദത്തില്‍ വളരെ വ്യക്തമാണ്. മുടിയുടെ വ്യക്തമായ കൈമാറ്റ പരമ്പര ആവശ്യപെട്ടപ്പോള്‍ അദ്ദേഹവും കൂടെയുള്ളവരും സ്വീകരിച്ച നിലപാട് തീരത്തും അസിഹ്ഷ്ണുതപരമായിരുന്നു. ഭീഷണി, അസഭ്യം, വ്യക്തിഹത്യ തുടങ്ങിയ വഴികളിലൂടെ അതിനെ നേരിടാനാണ് അവര്‍ ശ്രമിച്ചത്. എന്തോ ഒരു തരം പകയോടെയും വിദ്വെഷതോടെയും മതിഭ്രമം സംഭവിച്ചവരെപ്പോലെ ലക്കും ലഗാനുമില്ലാതെ ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കൊണ്ടെത്തിച്ചത്.


ഒരു ഇസ്‌ലാമിക സംഘം ഒരു കല്ട്ടായി രൂപപെട്ടാല്‍ മതത്തിന്‍റെ നിയമങ്ങല്‍ക്കപ്പുറം വ്യക്തിയിലധിഷ്ടിതമാവുന്നു പിന്നെ അവരുടെ നിലപാടുകള്‍. അതിന്‍റെ നായകരെന്നു വിശ്വസിക്കപ്പെടുന്നവരുടെ ഏതു തരം കൊള്ളരുതായ്മയും തിരുഭാണ്ടാങ്ങളായി സ്വീകരിക്കുന്നതില്‍ ചെന്നെത്തുകയും ചെയ്യുന്നു.  

സനദിന്‍റെ തിരുവഴികള്‍



ഇസ്‌ലാമിലെ അടിസ്ഥാന തെളിവുകള്‍ സ്വീകരിക്കപെടാനും ജ്ഞാന ശേഖരണത്തിന്‍റെയും ആത്മീയ സരണികളുടെയും സംശുദ്ധി തെളിയിക്കപ്പെടാനും അംഗീകരിക്കപ്പെട്ട സംവിധാനാമാണ് സനദ്‌ അല്ലെങ്കില്‍ കൈമാറ്റ പരമ്പര. ഈ പരമ്പരയിലെ കണ്ണികള്‍ തമ്മിലുള്ള ബന്ധം തുടര്ച്ചയുള്ളതും ആ കണ്ണികള്‍ സംശുദ്ധരുമാനെന്കില്‍ മാത്രമേ ആ പരമ്പര സ്വീകരിക്കപ്പെടുകയുള്ളൂ. ഇത് ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വങ്ങളില്‍പെട്ടതാണെന്ന് ഇസ്‌ലാമിനെക്കുറിച്ച് കേവലജ്ഞാനമുള്ളവര്‍ക്കെല്ലാം അറിയാം. കേശകൈമാറ്റ ചടങ്ങില്‍ കാന്തപുരം മുസ്ലിയാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.ആര്‍ക്കും എന്തും തോന്നിയത് പോലെ പറയാനുള്ള അവസരം ഉണ്ടാകാതിര്‍ക്കാനാണ് അത്തരത്തിലുള്ള ഒരു സമീപനം ഇസ്‌ലാം സ്വീകരിച്ചത്‌. മതത്തിന്‍റെയും മതാനുബന്ധ വിഷയങ്ങളിലുമുള്ള ഈ കൈമാറ്റ രീതി ഇസ്‌ലാമിക സമൂഹത്തിന്‍റെ പ്രത്യേകതയും രേഖകളുടെ ആധികാരികതയില്‍ ഇസ്‌ലാം പുലര്‍ത്തുന്ന നിഷ്കര്‍ഷതയുമാണ് വ്യക്തമാക്കുന്നത്.


താബിഉകളില്‍ പ്രമുഖനും പണ്ഡിതനുമായ അബുല്ലാഹ് ബിന്‍ മുബാറക്‌ വാക്കുകള്‍ ഈ വിഷയത്തില്‍ ഏറെ പ്രചുര പ്രചാരം നേടിയതാണ്. " ഇസ്നാദ്‌ (കൈമാറ്റ പരമ്പര) മതത്തിന്‍റെ ഭാഗമാണ്. അതില്ലായുരുന്നുവെങ്കില്‍ ആര്‍ക്കും എന്തും പറയാമായിരുന്നു" ദീനുള്ളില്‍ പിന്‍ബലമില്ലാതെ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരുന്നത് നിയ്ന്ത്രികുന്നതിനുള്ള ഇസ്‌ലാമിക ഉപകരണമാണ് സനദ്‌. മറ്റു പലവിഷയങ്ങളിലെന്ന പോലെ ഇതും പൂര്‍ണമായും രൂപപ്പെട്ടുവന്നത് ഇസ്ലാമിലെ ആദ്യ കാലഘട്ടത്തിന് ശേഷമാണ്. ആദ്യ രണ്ടു ഖലീഫമാരുടെ കാലഘട്ടത്തില്‍ പില്‍ക്കാലത്ത് ഉള്ളത് പോലെ നിര്‍ബ്ബന്ധം ഈ കാര്യത്തില്‍ പുലര്‍ത്തേണ്ടി വന്നിരുന്നില്ല. ഉസ്മാന്‍ (റ), അലി (റ) എന്നിവരുടെ കാലഘട്ടങ്ങളില്‍ ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെട്ട പ്രശ്നങ്ങളുടെ ഫലമായി വിവിധ ചേരികള്‍ രൂപപ്പെടുകയും തങ്ങള്‍ക്കനുസരിച്ചു തെളിവുകള്‍ വളച്ചൊടിക്കപ്പെടുകയും ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സനദ്‌ കര്‍ക്കശമാക്കുന്ന രീതി പണ്ഡിതന്മാര്‍ സ്വീകരിച്ചതെന്ന് ഹദീസ്‌ നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.  

അത് സംബന്ധമായി പ്രമുഖ സ്വപ്ന വ്യാഖ്യാതാവും താബിഈ പണ്ഡിതനുമായിരുന്ന മുഹമ്മദ്‌ ബിന്‍ സീരിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. " (ആദ്യകാലങ്ങില്‍) സനദുകള്‍ അത്ര (വ്യാപകമായി) ചോദിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഫിത്ന ആരംഭിച്ചപ്പോള്‍ കൈമാറിയ ആളുകളെ കുറിച്ച് ചോദിയ്ക്കാന്‍ തുടങ്ങി. അവര്‍ യോഗ്യരെങ്കില്‍ സ്വീകരിക്കും, അല്ലെങ്കില്‍ നിരാകരിക്കപ്പെടും". ഹിജ്റ 110- മരണമടഞ്ഞ ഇബ്നു സീരീന്‍ അക്കാലത്ത് ഇങ്ങനെ പറഞ്ഞെങ്കില്‍ ആയിരതിമുന്നൂരിലധികം വര്‍ഷങ്ങള്‍ക്കു ശേഷം ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന് ഏറെ ചിന്തിക്കേണ്ടതില്ല.